സിനിമ ഒരു ജനപ്രിയ കലയായിത്തീര്‍ന്നത് അതിന് വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കി പ്രേക്ഷകരെ എളുപ്പം സ്വാധീനിക്കാനാവുമെന്നുള്ളത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഓരോ സിനിമക്കു പിന്നിലും ചലച്ചിത്രകാരന്റെ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അത് ഒരു പക്ഷേ രാഷ്ട്രീയമോ, ആദര്‍ശപരമോ, മതപരമോ, സാംസ്കാരികമോ അല്ലെങ്കില്‍ സാമൂഹ്യപരമോ ആയ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാവാം. സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കുന്നവര്‍ പോലും അദൃശ്യമായ എന്തെങ്കിലും സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചതായി നമുക്ക് സൂഷ്മനിരീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ‘ കിളിപോയി ‘ എന്ന ചിത്രത്തെ സൂക്ഷമമായി പരിശോധിച്ചാല്‍ ഏത് സന്ദേശമാണ് ചിത്രത്തിലൂടെ ചലച്ചിത്രകാരന്‍ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചത് എന്ന ചോദ്യം പടം കണ്ട ഒരോരുത്തരിലും അവ്യക്തമായ ഉത്തരം മാത്രം കിട്ടാവുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നു.
സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണെന്നും, ജനങ്ങളെ രസിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ സിനിമ പിടിക്കുന്നതെന്നും പറഞ്ഞ് നടക്കുന്ന സംവിധായകര്‍ വേണ്ടുവോളം മലയാളത്തിലുണ്ട്. എന്നാല്‍ അവരില്‍ പലര്‍ക്കും മലയാളികളെ രസിപ്പിക്കാനുള്ള ഏറ്റവും ഉത്തമമായ മരുന്ന് കോമഡിയാണെന്ന കച്ചവട തന്ത്രം ശരിക്കുമറിയാവുന്നവരുമാണ്. അത് കൊണ്ട് തന്നെയാണ് മലയാള സിനിമയില്‍ ബോക്സോഫീസ് കലക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്ന സിനിമകളില്‍ മിക്കവയും കോമഡിച്ചിത്രങ്ങളായതും. എന്നാല്‍ പ്രേക്ഷകരുടെ കിളി പറത്താന്‍ തുനിഞ്ഞിറങ്ങിയ കിളി പോയിയുടെ സംവിധായകന് ഈ വിധ കച്ചവട തന്ത്രങ്ങളറിയില്ല എന്നാണോ നാം മനസ്സിലാക്കേണ്ടത്. ദ്വയാര്‍ഥ പ്രയോഗങ്ങളിലും അടക്കം പറച്ചിലിലും മാത്രം ഒരുങ്ങിനിന്ന അശ്ലീല സംഭാഷണങ്ങള്‍ ഇന്നത്തെ New generation സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയായി മാറിയപ്പോള്‍ അതിലും ഒരു പടി കയറിച്ചിന്തിച്ച് പച്ചക്കുള്ള അശ്ളീല സംഭാഷണങ്ങളാണ് കോമഡിയേക്കാളും ഇന്നത്തെ ജനറേഷന് പ്രിയങ്കരം എന്ന മിഥ്യാധാരണയില്‍ നിന്നുമുടലെടുത്ത കച്ചവട തന്ത്രമാണ് സംവിധായകന്‍ Vinay Govind ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അതിന്റെ അനന്തരഫലമാണ് കിളി പറത്താന്‍ വന്ന സിനിമക്ക് കൂവല്‍ കേള്‍ക്കേണ്ടി വന്നത് (ബോളിവുഡില്‍ ഒരു Delhi Belly ഹിറ്റായത് അതിലെ അശ്ളീലപ്രയോഗങ്ങള്‍ കൊണ്ടാണെന്ന് ആരോ സംവിധായകനെ തെറ്റിദ്ധരിപ്പിച്ച് കാണും).

സിനിമയിലെ മിക്ക കഥാപാത്രങ്ങളെക്കൊണ്ടും ( സ്തീ കഥാപാത്രങ്ങളുള്‍പ്പെടെ) മധ്യപിപ്പിക്കുകയും, പുകവലിപ്പിക്കുകയും ( വെറും പുക മാത്രമല്ല കേട്ടോ.. പടത്തിലെ നായകന്‍ ‘മറിയാമ്മാ’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന സാക്ഷാല്‍ കഞ്ചാവും) Fu-ഉം @ss-ഉം ചേര്‍ത്തുള്ള അശ്ളീല പ്രയോഗങ്ങളും ( കൂട്ടത്തില്‍ മലയാളികളുടെ സ്ഥിരം ‘മ’ പ്രയോഗങ്ങളുമുണ്ട് കെട്ടോ) കുത്തിനിറച്ച് സിനിമയുടെ ഭൂരിഭാഗം സീനുകളും തീര്‍ത്തപ്പോള്‍ കിളിപോയിയുടെ കഥയെന്തെന്നത് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പ്രേക്ഷകരും ‘കിളി പോയ’ അവസ്ഥയിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എങ്കിലും Intermission ശേഷവും പ്രേക്ഷകരെ തിരിച്ച് സീറ്റിലിരിത്താനുള്ള അത്യാവശ്യ വിഭവങ്ങള്‍ സിനിമയിലുണ്ട് എന്നുള്ളതാണ് ആശ്വാസകരം. Female Boss- ന്‍റെ ഇംഗ്ളിഷിലുള്ള പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളം പറഞ്ഞ് ഓഫീസില്‍ നിന്നും മുങ്ങി ഗോവയിലെത്തിച്ചേരുന്ന ചാക്കോയും ( ആസിഫ് അലി), ഹരിയും ( അജു വര്‍ഗ്ഗീസ്) കണ്ണില്‍ കാണുന്ന പെണ്‍പിള്ളേരോട് flirtഉം , Fu-ഉം ചെയ്ത് ഒടുവില്‍ തങ്ങള്‍ ജോലി ചെയ്യുന്ന ബാംഗ്ളൂരിലെ വസതിയില്‍ തിരിച്ചെത്തിയപ്പോഴാണ് അവരില്‍ ഒരുത്തിയുടെ ബാഗ് ഇവെരെ പിന്തുടരുന്ന കാര്യം ഇവരറിയുന്നത്. Cocaine എന്ന മയക്ക് മരുന്ന് അടങ്ങിയ ഈ ബാഗ് ആ അലസന്മാരുടെ ജീവിതം സങ്കീര്‍ണ്ണമാക്കുന്നു.” ദാസനും വിജയനും ചെയ്ത വിഢ്ഢിത്തം നമ്മള്‍ ചെയ്യാന്‍ പാടില്ല” എന്ന് പറഞ്ഞ് കൊണ്ട് അതിലെ കൊക്കേന്‍ വിറ്റ് കാഷാക്കാനൊരുങ്ങുന്ന മോഡേണ്‍ ദാസനും വിജയനും ( എന്നാണ് ചലച്ചിത്രകാരന്റെ വിഭാവന) അകപ്പെടുന്ന പ്രശ്നങ്ങളുടെ ചുരുളുകളിലേക്കാണ് പിന്നീടുള്ള സിനിമയുടെ കഥാഗതി നീങ്ങുന്നത്. നമ്മള്‍ പല ഭാഷകളിലായി കണ്ടു മടുത്ത ഇത്തരം കഥകള്‍ പറയാന്‍ ആവശ്യത്തിനും അനാവശ്യത്തിനും Fu-ഉം Bitch-ഉം അടങ്ങിയിട്ടുള്ള തെറിയഭിഷേകങ്ങളും, പല രീതിയിലും പോസിലുമുള്ള മധ്യപാന -പുകവലി രംഗങ്ങളും കുത്തി നിറച്ച് ചിത്രത്തിന് ഒരു A Cerificate വാങ്ങിയെടുത്തിട്ടുണ്ട് സംവിധായകന്‍ ( അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെങ്കിലും രക്ഷപ്പെട്ടു എന്നാശ്വസിക്കാം).

ചാനല്‍ അവതാരകനായി നമ്മള്‍ പരിചയപ്പെട്ട ആസിഫ് അലി ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് വന്നതെന്ന് ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ അദ്ദേഹം തന്നെ പറയുകയുണ്ടായി. അത് കൊണ്ട് തന്നെയാവണം കയ്യില്‍ കിട്ടുന്ന ഏത് റോളും ചെയ്ത് തന്റെ സിനിമകളുടെ എണ്ണം കൂട്ടുന്നതിന് ഈ നടന്‍ തിടുക്കം കാണിക്കുന്നത്.( ഇത് പോലെ ചാനലില്‍ നിന്നും നായക നിരയിലേക്ക് വന്ന മറ്റൊരു നടന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ Type കഥാപാത്രങ്ങളെ മാത്രം ചെയ്തത് പ്രേക്ഷകരെ മുഷിപ്പിച്ചത് കൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടും പ്രേക്ഷശ്രദ്ദ പിടിച്ച് പറ്റാന്‍ പ്രയാസപ്പെടുന്നത് എന്നത് ആസിഫലിയും മനസ്സിലാക്കുന്നത് നല്ലതാണ്). ഇങ്ങനെ ഒരേ ശ്രേണിയിലുള്ള കഥാപാത്രങ്ങളെ മാത്രം സ്വീകരിച്ച് സിനിമകളുടെ എണ്ണം കൂട്ടാന്‍ മെനക്കെടാതെ ശ്രദ്ദിക്കപ്പെടാന്‍ സാധ്യതയുള്ള കരുത്തുറ്റതും വ്യത്യസ്തതവുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ആസിഫലിയെ ഒരു നല്ല അഭിനേതാവായി പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ ഗുണം ചെയ്യുക.( ഓര്‍ഡിനറിയിലൂടെ അതിനൊരവസരം കിട്ടിയിരുന്നെങ്കിലും അത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ആസിഫിനായില്ല എന്നത് ഖേദകരമാണ്)കിളിപോയിയിലും type കഥാപാത്രം ചെയ്തെങ്കിലും തന്റെ റോള്‍ ആസിഫ് മോശമാക്കിയിട്ടില്ല എന്ന് പറയാം. മറ്റ് കഥാപാത്രങ്ങളായി വന്ന അഭിനേതാക്കളുടെ അഭിനയ മികവിനെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. എങ്കിലും Drug dealer കൂടിയായ ഗോവന്‍ പോലിസോഫറീസറായി അഭിനയിച്ച റാനായുടെ പ്രകടനം ശ്രദ്ദേയമാണ്.
സിനിമയുടെ ആഖ്യാന രീതിയില്‍ പിഴവുകളുണ്ടെങ്കിലും സാങ്കേതികമായി നിലവാരം കുറഞ്ഞ ഒരു സിനിമയല്ല ഇതെന്ന് പറയാന്‍ സാധിക്കും. സ്ത്രീകള്‍ തമ്മിലുള്ള Washroom Scene (വെറുതെ തെറ്റിദ്ദരിക്കണ്ട.. രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ തമ്മിലുള്ള fight (കോഴിത്തല്ല് എന്ന് വേണമെങ്കില്‍ പറയാം) വാഷ് റൂമില്‍ വച്ച് ചിത്രീകരിച്ചത് കൊണ്ടാണ് സീനിന് ആ പേരിട്ടത്), ക്ളൈമാക്സിലെ കൂട്ടത്തല്ലിന് റോക്ക് സംഗീതത്തിന്റെ മേമ്പോടിയോടെയുള്ള ‘എറ്റിന്റെ പണിയുള്ള’ ( പാട്ടിലെ എട്ടിന്റെ പണിയുള്ള എന്ന വരികള്‍ ഗായകന്‍ ഉഛ്ചരിച്ച്ത് അങ്ങനെയാണ്) ഗാനത്തിന്റെ പശ്ചാത്തലം നല്‍കിയതും മലയാള സിനിമയില്‍ പുതുമയുള്ളതാണ് എന്നുള്ളത് കൊണ്ട് കിളിപോയിക്കും ചില പുതുമകളൊക്കെ അവകാശപ്പെടാനുണ്ട് എന്നും പറയാം.
Related