Up and Down മുകളിലൊരാള്‍ ഉണ്ട് : Movie Review

സിനിമ ഒരു ദൃശ്യ ശ്രാവ്യ കലയാണെന്നിരിക്കെ ശബ്ദത്തെക്കാളും ദൃശ്യങ്ങളിലൂടെയാണ് ഒരു ചലച്ചിത്രം അതിന്റെ പ്രമേയം പ്രേക്ഷകനുമായി സംവേദിക്കുന്നത് എന്ന് ലോകോത്തര ക്ലാസിക്ക്

സിനിമകളെ അവലംബിച്ച് നമുക്ക് പറയാനാവും. എന്നാല്‍ മലയാള സിനിമയില്‍ അടൂര്‍ ഗോപാല കൃഷ്ണനെപ്പോലെയുള്ള ചുരുക്കം ചില സംവിധായകരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ തങ്ങളുടെ സിനിമകളില്‍ ദൃശ്യങ്ങളിലൂടെ തന്നെ പറയാനാവുന്ന കഥാ സന്ദര്‍ഭങ്ങള്‍ ശബ്ദം  ( സംഭാഷണങ്ങള്‍ ) ഉപയോഗിച്ച് ചിത്രീകരണം ലളിതമാക്കുകയാണ് ചെയ്യാറ്. കാലം കടന്നു പോയാലും ചില സിനിമ്കളിലെ സംഭാഷണങ്ങള്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുകയോ നിത്യ ജീവിതത്തില്‍ ഒരു രസത്തിനു വേണ്ടിയെങ്കിലും ഉപയോഗിക്കുകയോ ചെയ്യാറുണ്ട് എന്നുള്ളത് മലയാളി പ്രേക്ഷകരെ സിനിമയിലെ സംഭാഷണങ്ങള്‍ സ്വാധീനിക്കുന്നു എന്നുള്ളതിനെ തെളിവാണ്. എന്നാല്‍ സിനിമ ഈ ന്യൂജനറേഷന്‍ യുഗത്തിലൂടെ കടന്നു പോകുമ്പോഴും സംഭാഷണ നിബിഢമായ ഒരു കലാരൂപമായിട്ടു തന്നെയാണ് മലയാള സിനിമ നീങ്ങിക്കൊണ്ടിരിക്കുന്നത്. മുമ്പ്  ദ്വയാര്‍ഥ്വ പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന അശ്ലീല സംഭാഷണങ്ങള്‍ ഇപ്പോള്‍ പച്ചയായി സിനിമകളില്‍ കേള്‍ക്കാം എന്ന വ്യത്യാസം മാത്രം. അത് കൊണ്ട് തന്നെ ന്യൂ ജനറേഷന്‍ പ്രേക്ഷകരെ തിയേറ്ററിലേക്കടുപ്പിക്കാന്‍ പലരും ബോധപൂര്‍വ്വം സംഭാഷണാങ്ങളില്‍  അശ്ലീലത ചേര്‍ത്ത് കൊഴുപ്പ് കൂട്ടാറുമുണ്ട്. Up and Down  മുകലിലൊരാളുണ്ട് എന്ന സിനിമയെ ഇത്തരത്തിലുള്ള അശ്ലീലച്ചുവയുള്ള സംഭാഷണപൂരിതമായ സിനിമയായി കാണാനാവില്ലെങ്കിലും ആവശ്യത്തിന് ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഇവിടെയും ഉപയോഗിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചു കൂടാ. പിന്നെ ഈ ചിത്രം എന്ത് കൊണ്ട് സംഭാഷണ നിബിഢമായി എന്ന് ചോദിക്കുമ്പോള്‍ അതിനു കാരണം സിനിമയുടെ space തന്നെയാണ്.  സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും നടക്കുന്നത് ഒരു ലിഫിറ്റിനുള്ളില്‍ വെച്ചാണ് എന്നുള്ളത് കൊണ്ട് തന്നെ അതിനുള്ളില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങളൂടെ സംഭാഷണങ്ങളിലൂടെയും നരേഷനിലൂടെയൂം ആണ് സിനിമയുതെ കഥ പ്രേക്ഷകന് മനസ്സിലാവുന്നത്. ഇങ്ങനെ പരിമിതമായ ഒരു  സ്ഥലം  സിനിമയുടെ പ്രധാന ലൊക്കേഷനാവുമ്പോള്‍ അവീടെ സംഭാഷണങ്ങള്‍ തന്നെ വേണം സിനിമയുടെ ആഖ്യാനത്തിന്.

സിനിമയുടെ ലൊകേഷന്‍ ഒരു ലിഫ്റ്റിനുള്ളിലേക്ക് ഒതുക്കി പുതുമ കാട്ടാന്‍ ശ്രമിച്ചെങ്കിലും, സിനിമയുടെ കഥ നമ്മള്‍ കണ്ടു മടുത്ത പല സിനിമകളിലെയും മൂലകഥയുമായി സാദൃശ്യമുള്ളവയാണ്. ഭര്‍ത്താവിനെ ചതിച്ച സുഹൃത്തിനോടുള്ള പ്രതികാരം ചെയ്യാന്‍ ഇവിടെ നായിക ഉപയോഗിക്കുന്ന മാര്‍ഗ്ഗം അത്ര പഴഞ്ചനല്ലെങ്കിലും ന്യൂജനറേഷന്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയാണ് നായിക അവലംബിച്ചിട്ടൂള്ളത് എന്നത് കച്ചവടക്കണ്ണോടുകൂടി തന്നെ നോക്കിക്കാണേണ്ടതുണ്ട്. നഗരത്തിലെ ഏറ്റ്വും വലിയ ഫ്ലാറ്റിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കമ്മീഷണറടക്കം ഫ്ലാറ്റിലെ  പ്രമാണിമാരായ അന്തേവാസികള്‍ അന്നേ ദിവസം അവിടത്തെ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടു പോകുന്നു. പൊതുവേ കേടാകാറുള്ള ആ ലിഫ്റ്റ്  നേരെയാക്കാന്‍ അന്നേ ദിവസം അതിന്റെ സ്ഥിരം മെക്കാനിക്കിനെയോ ലിഫ്ര് റ്റ് കമ്പ നിയുടെ technical staffs-ന്റെ സഹായമോ കിട്ടാന്‍ മണിക്കൂറുകളെടുത്തു. ഈ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍  ലിഫ്റ്റിനുള്ളിലകപ്പെട്ട പ്രമാണിമാര്‍ക്കിടയിലുള്ള സംഭാഷണങ്ങളിലൂടെ ആ ഫ്ലാറ്റില്‍ വരാറുള്ള ഒരു അഭിസാരികയുമായുള്ള പല മാന്യന്മാരുടെയൂം ബന്ധം പുറത്തു വരുന്നു. എന്നാല്‍ intermission തൊട്ടു മുമ്പ്  ആ വേശ്യസ്ത്രീയുടെ മൃതശരീരം ലിഫ്റ്റിന്റെ ഉത്തരത്തില്‍ കൂടുങ്ങിക്കിടക്കുന്നത് കാണുന്നതോടെ കഥയില്‍ പലരും വില്ലന്മാരായി മാറുന്നു. ആ കൊല നടത്തിയ വ്യക്തി ആ ലിഫ്റ്റിനുള്ളില്‍ തന്നെയുണ്ടെന്ന് പ്രസ്താവിക്കുന്ന കമ്മീഷണര്‍ ലിഫ്റ്റിനുള്ളിലകപ്പെട്ട ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ആ കൊലപാതകക്കേസിന് തീര്‍പ്പ് കല്പിക്കുമ്പോള്‍ അപ്രതീക്ഷിതമായ പല ട്വിസ്റ്റും പ്രേക്ഷകര്‍ കാണേണ്ടി വരുന്നു.
പരമ്പരാഗത നായക സങ്കല്പങ്ങള്‍ അവലംബിക്കതെ സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത് Up and Down-ല്‍  എങ്കിലും സിനിമയുടെ അടിസ്ഥാന കഥ മേഘ്നാ രാജ് അവതരിപ്പിക്കുന്ന ” തമ്പുരാട്ടി ” എന്ന് വിളിക്കുന്ന അഭിസാരികയായി മാറേണ്ടി വരുന്ന ഒരു യുവതിയുടെതാണ്. അഭിനയ സിദ്ദിയേക്കാളും ശരീര സൗന്ദര്യം ആവശ്യമായി വരുന്ന ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ മേഘ്നയുടെ ശരീര ഭംഗി അവര്‍ക്ക് മുതല്‍ക്കൂട്ടായി.  വികലാംഗനായ lift operator -ടെ റോളില്‍ ഇന്ദ്രജിത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും മോശമാക്കിയിട്ടില്ല. ചിത്രത്തില്‍ ഏറ്റ്വും ശ്രദ്ദിക്കപ്പെട്ടത് പ്രതാപ് പോത്തന്‍ അവതരിപ്പിച്ച സാഹിത്യകാരനാണ്. ആ വേഷം മികച്ചതാക്കുന്നതില്‍ പ്രതാപ് പോത്തന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. lift mechanic ആയി വരുന്ന കൊച്ചു പ്രേമന്റെ അഭിനയവും ശ്രദ്ദേയമായി.
ഗാനങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത സിനിമയില്‍ പശ്ചാത്തല സംഗീതമെങ്കിലും മികച്ചതാക്കാമായിരുന്നു. Elevator എന്ന സ്പേസിനകത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഛായാഗ്രാഹകന്റെ മിടുക്ക് വ്യക്തമാകുന്നതായി പ്രേക്ഷകര്‍ക്ക് തോന്നില്ല. ശ്രദ്ദേയമായ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജീവ് കുമാര്‍ എന്ന സംവിധായകന്‍ ഇയ്യിടെ കൊച്ചു കൊച്ചു ചിത്രങ്ങളില്‍ ശ്രദ്ദ ചൊലുത്തുന്നത് നിരാശാകരമാണ്. തന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ  താര സാന്നിദ്ധ്യമുള്ള നിലവാരമുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്. 

Leave a Comment